യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ വീണ്ടും വഴിത്തിരിവ്. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്ന പോലീസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഷാൾ ഏനാത്ത് പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിലോ കോടതിയിലോ ഇല്ലെന്നാണ് നിലവിലെ എസ്എച്ച്ഒ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
കേസിലെ നിർണായക തെളിവായ ഷാൾ എവിടെപ്പോയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സഹപ്രവർത്തകയായ 35കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സുഹൈൽ അൻസാരി അറസ്റ്റിലായത്. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന സുഹൈലിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. യുവതിയെ ഭർത്താവ് മർദിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമാണ്. സംഭവദിവസം രാവിലെ യുവതിക്ക് മർദനമേറ്റ വിവരം പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, കേസിലെ ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. പ്രധാന തെളിവായ ഷാൾ കാണാതായതും പോലീസിന്റെ മുൻ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങളും അന്വേഷണത്തിൽ നിർണായകമാകുകയാണ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
