തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കാസർകോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷിംഗ് ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും തീരപ്രദേശങ്ങളിൽ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
മലപ്പുറത്ത് കടലുണ്ടി മുതൽ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാർബർ മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം- ന്യൂമാഹി, കാസർകോട് കുഞ്ഞത്തൂർ മുതൽ കോട്ടക്കുന്ന് വരയെുമുള്ള തീരപ്രദേശങ്ങളിലും 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.



