അമേരിക്കൻ കുറ്റകൃത്യ വിവരശേഖരത്തിലും സൈബർ ആക്രമണം; മാസങ്ങൾക്കിടെ രണ്ടാം തവണ എഫ്ബിഐ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ദേശീയ കുറ്റകൃത്യ വിവരശേഖരണ സംവിധാനത്തിൽ സൈബർ നുഴഞ്ഞുകയറ്റം നടന്നതായി റിപ്പോർട്ട്. രാജ്യത്തെ ഫെഡറൽ, സംസ്ഥാന, പ്രാദേശിക പൊലീസ് വിഭാഗങ്ങൾ ഉപയോഗിക്കുന്ന നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്ററാണ് (NCIC) ഹാക്കർമാരുടെ ലക്ഷ്യമായത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

അറസ്റ്റ് വാറന്റുകൾ, ക്രിമിനൽ പശ്ചാത്തല വിവരങ്ങൾ, പശ്ചാത്തല പരിശോധനകൾ തുടങ്ങിയ നിർണായക വിവരങ്ങൾ കൈമാറാൻ പൊലീസ് വിഭാഗങ്ങൾ ആശ്രയിക്കുന്ന സംവിധാനമാണിത്. ഹാക്കർമാർക്ക് ഡാറ്റാബേസിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഏതൊക്കെ വിവരങ്ങളാണ് ചോർന്നത്, എത്രത്തോളം നാശനഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ല. സിഎൻഎന്നിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മാസങ്ങൾക്കിടെ എഫ്ബിഐ സംവിധാനങ്ങൾക്കെതിരെയുണ്ടാകുന്ന രണ്ടാമത്തെ സൈബർ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം എഫ്ബിഐയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ കടന്നുകയറി ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയിരുന്നു.

പുതിയ സംഭവത്തോടെ അമേരിക്കയിലെ നിർണായക സുരക്ഷാ സംവിധാനങ്ങളുടെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. സംഭവത്തിൽ എഫ്ബിഐയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *