ടെഹ്റാൻ : അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധത്തിന് സൈനിക പരിഹാരമില്ലെന്നും, എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപര്യങ്ങൾക്കും നേരെയുള്ള ഭീഷണികളെ കൂടുതൽ ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത പൂർണമായി തള്ളുന്നില്ലെങ്കിലും, സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്.
അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചകളിൽ പ്രധാന വിഷയങ്ങളാണ്. ഇറാന്റെ നിർദേശങ്ങൾക്ക് മറുപടി നൽകേണ്ടത് അമേരിക്കയാണെന്ന നിലപാടും ഇറാൻ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും ഇറാൻ നേരത്തെ നൽകിയിട്ടുണ്ട്. അമേരിക്കൻ സൈനിക താവളങ്ങൾക്കും സ്ഥാപനങ്ങൾക്കും പുറമെ അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാനുള്ള സാധ്യതയെക്കുറിച്ചും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സംഘർഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുകയാണ്. ഹോർമുസ് കടലിടുക്ക്, ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം, അമേരിക്കൻ സൈനിക സാന്നിധ്യം തുടങ്ങിയ വിഷയങ്ങൾ ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. അതിനാൽ നയതന്ത്ര ചർച്ചകൾ മുന്നോട്ടുപോകുമോ, സംഘർഷം വീണ്ടും രൂക്ഷമാകുമോ എന്നതാണ് ഇനി പ്രധാനമായും ഉറ്റുനോക്കുന്നത്.



