എയ്മ അക്ഷരമുദ്ര പുരസ്കാരം‌‌ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

കൊച്ചി: പ്രശസ്ത കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026 ലെ “എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന്” തെരഞ്ഞെടുത്തു. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി കെ. ആർ മനോജ് എന്നിവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്ന പുരസ്കാരം 2026 ജൂലൈ 19-ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന എയ്മ ദേശീയ സമ്മേളന വേദിയിൽ സമർപ്പിക്കും.

മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന എയ്മ അക്ഷരമുദ്ര പുരസ്കാരം മുൻ വർഷങ്ങളിൽ ഭാനുപ്രകാശ്, കെ. വി മോഹൻകുമാർ, സുനിൽ പി ഇളയിടം, ഡോ എ. എം ഉണ്ണികൃഷ്ണൻ, സി രാധാകൃഷ്ണൻ, കെ ജയകുമാർ, സൂര്യ കൃഷ്ണമൂർത്തി, ശ്രീകുമാരൻ തമ്പി എന്നിവർക്കാണ് സമ്മാനിച്ചത്. ഗാനരചയിതാവിനൊപ്പം സംഗീതസംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിലും കൈതപ്രം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശാടനം, കളിയാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതസംവിധായകനായും അദ്ദേഹം ശ്രദ്ധേയനായി. സ്വാതി തിരുനാൾ, ഹിസ് ഹൈനസ് അബ്ദുല്ല, ആര്യൻ, തീർത്ഥാടനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചും ശ്രദ്ധ നേടി. കൈതപ്രത്തിന്റെ കലാസാംസ്കാരിക സംഭാവനകൾക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2021-ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 1993-ൽ “പൈതൃകം” എന്ന ചിത്രത്തിനും 1996-ൽ “അഴകിയ രാവണൻ” എന്ന ചിത്രത്തിനും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. 1997-ൽ “കാരുണ്യം” എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരങ്ങളിൽ നിരവധി തവണ അദ്ദേഹം ആദരിക്കപ്പെട്ടു. ഇന്നലെ, കുടുംബസമേതം, കമലദളം, സവിധം, സല്ലാപം, ദേശാടനം, അഗ്നിസാക്ഷി, ഓർമച്ചെപ്പ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഹോളിഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരങ്ങൾ ലഭിച്ചു.

എന്നു സ്വന്തം ജാനകിക്കുട്ടി, കളിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള ക്രിട്ടിക്സ് പുരസ്കാരവും നേടി. ദക്ഷിണേന്ത്യൻ ഫിലിംഫെയർ അവാർഡിൽ ദേശാടനം , കളിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചു. 2005-ൽ അനന്തഭദ്രം ചിത്രത്തിലെ ഗാനങ്ങൾക്ക് ഏഷ്യാനെറ്റ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. 2025-ൽ കേരള സർക്കാർ-തിരുവിതാംകൂർ ദേവസ്വം ബോർഡ് സംയുക്തമായി നൽകുന്ന ഹരിവരാസനം പുരസ്കാരവും കൈതപ്രത്തെ തേടിയെത്തി. മലയാള ഭാഷയ്ക്കും സംഗീതത്തിനും സാഹിത്യത്തിനും സാംസ്കാരിക പാരമ്പര്യത്തിനും നൽകിയ അതുല്യ സംഭാവനകളെ പരിഗണിച്ചാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026 ലെ എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് എയ്മ ദേശീയ നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *