ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു

കൊൽക്കത്ത: ലോകകപ്പിൽ‍ ഇന്ത്യയിലെ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനായി ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് വരുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയില്‍ ബ്രസീല്‍ സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് വിവരം. അതേസമയം, സൗഹൃദ മത്സരതതില്‍ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ലോകകപ്പ് സമയത്ത് കേരളത്തിലെയും കൊൽക്കത്തയിലെയും തെരുവുകളിൽ ബ്രസീൽ ആരാധകർ തീർത്ത ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പച്ചയും മഞ്ഞയും ചായമടിച്ച കൂറ്റൻ കട്ടൗട്ടുകളും ആയിരക്കണക്കിന് ആരാധകർ മഞ്ഞക്കുപ്പായമിട്ട് തെരുവിലിറങ്ങിയതും ബ്രസീലിലും വലിയ വാർത്തയായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രസീലിനുള്ള ജനപ്രീതി നേരിൽ കണ്ടതോടെയാണ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യയിൽ ഒരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫയുടെ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ബ്രസീൽ ഏഷ്യൻ പര്യടനം നടത്തുന്നുണ്ട്. ഓസ്ട്രേലിയക്കെതിരെ സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലെയിലും സെപ്റ്റംബർ 29ന് ബ്രിസ്ബേനിലും ബ്രസീല്‍ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ മത്സരം കളിക്കാൻ ബ്രസീല്‍ സന്നദ്ധത അറിയിച്ചത്. ബംഗ്ലാദേശിലും സിംഗപ്പൂരിലും കളിക്കുന്നതിനെക്കുറിച്ച് ബ്രസീൽ ആലോചിച്ചിരുന്നെങ്കിലും, കളിക്കാരുടെ യാത്രാക്ഷീണം കണക്കിലെടുത്ത് ഏഷ്യൻ പര്യടനം മൂന്ന് മത്സരങ്ങളിലൊതുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്‍റെ ഈറ്റില്ലമായ കൊൽക്കത്തയ്ക്ക് ബ്രസീലിയൻ ഫുട്ബോളുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. 1977-ൽ ഈഡൻ ഗാർഡൻസിൽ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി മോഹൻ ബഗാനെതിരെ സാക്ഷാൽ പെലെ കളിക്കാനിറങ്ങിയത് ചരിത്രത്തിന്‍റെ ഭാഗമാണ്. യൂറോപ്യൻ ടീമുകൾക്ക് ഈ സമയത്ത് സ്വന്തം മത്സരങ്ങൾ ഉള്ളതിനാൽ ബ്രസീലിന്‍റെ എതിരാളികളെ കണ്ടെത്തുക എന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. എന്നാൽ കരാർ നടപടികൾ പൂർത്തിയാകുന്നതോടെ വിനീഷ്യസ് അടക്കമുള്ള സൂപ്പര്‍ താരങ്ങൾ അടങ്ങുന്ന ബ്രസീലിയൻ നിര ഇന്ത്യയിൽ പന്ത തട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *