തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി. ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
തുടർന്ന് ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.
ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ് ആദ്യം പരാതി നൽകിയത്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 29 നായിരുന്നു ടി ജി മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ പറഞ്ഞിരുന്നു.
പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹൻദാസ് പറഞ്ഞത്. ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും ഇയാൾ നടത്തിയിരുന്നു
