ജിദ്ദ: ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. മികച്ച പ്രകടനം കാഴ്ചവെച്ച സൗദി, ‘ന്യൂക്ലിയർ സയൻസ് അംബാസഡർ’ എന്ന പദവിയും സ്വന്തമാക്കി. സൗദി ടീമിലെ നാല് പേരാണ് മെഡൽ നേടിയത്. ആഗസ്റ്റ് 2 മുതൽ 9 വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലാണ് പരിപാടി നടന്നത്.19 രാജ്യങ്ങളിൽ നിന്നായി 120ലധികം വിദ്യാർഥികളും ശാസ്ത്ര വിദഗ്ധരുമാണ് ഒരാഴ്ചയോളം നീണ്ട ഒളിമ്പ്യാഡിൽ പങ്കെടുത്തത്. ‘ബ്രൈറ്റ് മൈൻഡ്സ് ഫോർ പ്രോമിസിങ് ഫ്യൂച്ചർ’ എന്നതായിരുന്നു ഈ വർഷത്തെ ഒളിമ്പ്യാഡിന്റെ പ്രമേയം.
സൗദി വിദ്യാർഥിയായ അംജദ് മഹ്മൂദ് ഇസ്സ അൽ ദർവിഷിനാണ് ഓവറോൾ സ്വർണ മെഡൽ ലഭിച്ചത്. തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ ഉയർന്ന മാർക്കോടെ ന്യൂക്ലിയർ സയൻസ് അംബാസഡർ എന്ന പദവിയും അംജദ് കരസ്ഥമാക്കി. അതോടൊപ്പം സൗദി വിദ്യാർഥിനിയായ ജന സാലിഹ് അബ്ദുല്ല അൽ സബീലും സ്വർണ മെഡൽ നേടുകയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നൽകുന്ന ഒളിമ്പ്യാഡിലെ മികച്ച വനിതാ വിദ്യാർഥിനിക്കുള്ള അവാർഡ് സ്വന്തമാക്കുകയും ചെയ്തു.മറ്റ് വിദ്യാർഥികളായ അബ്ദുൽ അസീസ് അബ്ദുൽ മൊഹ്സെൻ അൽ ഷറൈത് വെള്ളി മെഡൽ നേടിയപ്പോൾ സാലിഹ് മുബാറക് ധൈഫല്ലാഹ് അൽ ഹർബി വെങ്കലം കരസ്ഥമാക്കി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശാസ്ത്ര മേഖലയിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത് സൗദിയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
