ദുബായ്: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് സേവനം ആരംഭിച്ച് യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) എന്നിവയുമായി സഹകരിച്ചാണ് യു.എ.ഇ. സെൻട്രൽ ബാങ്ക് പുതിയ സംവിധാനം വിനോദസഞ്ചാരികൾക്കായി അവതരിപ്പിക്കുന്നത്. രാജ്യത്തെത്തുമ്പോൾ തന്നെ ഡിജിറ്റലായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്ന ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന പേരിലറിയപ്പെടുന്ന സംവിധാനമാണിത്.
സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഒരു സുരക്ഷിത ഡിജിറ്റൽ ഐഡന്റിറ്റി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഐ.സി.പി വികസിപ്പിച്ചെടുത്ത ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണിത്. ഇതുപയോഗിച്ചാണ് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാനാവുക. ഈ സംവിധാനം എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിങ് ആപ്പുമായി ലിങ്ക് ചെയ്യണം. അതോടെ വിനോദസഞ്ചാരികൾക്ക് തൽക്ഷണം ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനും, ഉടനടി ഉപയോഗത്തിനായി ഒരു ഡിജിറ്റൽ ഡെബിറ്റ് കാർഡ് ആക്സസ് ചെയ്യാനുമാവും.
