ഗുണ: മധ്യപ്രദേശ് ഗുണ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ രണ്ട് പെണ്‍കുട്ടികളെ മൂത്രം കുടിപ്പിച്ചതായി പരാതി. വിവരം സ്കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ ചോക്ലേറ്റ് വാങ്ങിക്കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.ഗുണ ജില്ലയിലെ ആരോണ്‍ ഡെവലപ്മെന്റ് ബ്ലോക്കിലെ പ്രൈമറി സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി വെള്ളക്കുപ്പിയില്‍ മൂത്രമൊഴിച്ച് സഹപാഠികളായ പെണ്‍കുട്ടികളെ കുടിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടികള്‍ ഉടനെ സ്കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു.
എന്നാല്‍ വായിലെ രുചിമാറാന് പത്ത് രൂപയുടെ ചോക്ലേറ്റ് വാങ്ങിക്കഴിക്കാനാണ് പ്രിന്‍സിപ്പല്‍ നിർദേശിച്ചതെന്ന് ഗുണ ജില്ലാ മജിസ്ട്രേറ്റ് കിഷോര്‍ കുമാര്‍ കനാല്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ പെൺകുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തെറ്റ് ചെയ്ത ആണ്‍കുട്ടിക്കും പ്രിന്‍സിപ്പലിനുമെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്കൂളിലെത്തി പെണ്‍കുട്ടികളില്‍ നിന്നും ആണ്കുട്ടിയില് നിന്നും മൊഴിയെടുത്തു.
സംഭവത്തില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.തഹസില്‍ദാരെയും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെയും സ്കൂളിലേക്ക് അയച്ചെന്നും പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയതായും ആരോണിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മഞ്ജുഷ ഖത്രിയും പ്രതികരിച്ചു.


