ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ദീപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു സാവിത്രിഭായ്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയ വാർത്തയെത്തിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി മുംബൈയിൽനിന്ന് യാത്ര ചെയ്യുകയായിരുന്നു ദീപ്കെ. ഡൽഹിയിലെത്തിയതിന് പിന്നാലെ ദീപ്കെയെയും പാർട്ടിയുടെ സഹനേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വോട്ടർ പട്ടിക പുതുക്കുന്നതിനിടെ ക്രമക്കേടുകൾ നടന്നെന്നും വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6 സംബന്ധിച്ച മാറ്റങ്ങളിൽ വീഴ്ചകളുണ്ടെന്നും ആരോപിച്ചാണ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.
അതേസമയം, ദീപ്കെയുടെ മുത്തശ്ശിയുടെ അന്ത്യകർമങ്ങൾ ഞായറാഴ്ച രാവിലെ 9.30നും 10നും ഇടയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നേതാക്കൾ കസ്റ്റഡിയിലായതോടെ അജിങ്ക്യ ഷിൻഡെയാണ് സംഘടനയുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. കസ്റ്റഡിയിലുള്ള നേതാക്കളെ അഭിഭാഷകരുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും പാർട്ടി ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.



