ഉമ്മൻചാണ്ടിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടതിൽ വേദനയുണ്ട്; യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പരോക്ഷമായി വിമർശിച്ച് ജെ.എസ്. അഖിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഗ്രഹമെന്ന് ജെ.എസ്. അഖിൽ. ‘എന്റെ മനസ്സിൽ നീയാണ്’ എന്ന് ഉമ്മൻചാണ്ടി നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ആ തീരുമാനം എങ്ങനെയാണ് മാറ്റപ്പെട്ടതെന്നത് ഇപ്പോൾ സമൂഹം ചർച്ച ചെയ്യുകയാണെന്നും അഖിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ കഴിയാതിരുന്നതിൽ വിയോജിപ്പും വേദനയുമുണ്ടായിരുന്നെങ്കിലും അന്ന് പരസ്യമായി പ്രതികരിക്കാതെ മാറിനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പേര് ഒഴിവാക്കിയതിൽ ഉമ്മൻചാണ്ടിക്ക് വേദനയുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് പാർട്ടിയെയോ ഉമ്മൻചാണ്ടിയെയോ വേദനിപ്പിക്കുന്ന തരത്തിൽ പ്രതികരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് പദവി ലഭിക്കാത്തതിൽ ആരെയും കുറ്റപ്പെടുത്തുകയോ പരസ്യമായി വിമർശിക്കുകയോ ചെയ്തില്ല. നേതാക്കൾ എടുത്ത തീരുമാനത്തെ അംഗീകരിച്ച് പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ മാറിനിന്നു. ഉമ്മൻചാണ്ടിയുടെ ആശുപത്രിയിലെ അവസാന നാളുകളായിരുന്നതിനാൽ താൻ കാരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കോ പാർട്ടി പ്രവർത്തകർക്കോ വിഷമമുണ്ടാകരുതെന്നായിരുന്നു നിലപാടെന്നും അഖിൽ പറഞ്ഞു.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴെല്ലാം ചിലർ ഇടപെട്ട് അവസരങ്ങൾ ഇല്ലാതാക്കിയെന്നാണ് അഖിലിന്റെ ആരോപണം. എങ്ങനെയൊക്കെ പ്രവർത്തിച്ചാലും പല ഘട്ടങ്ങളിലും ഒഴിവാക്കപ്പെടുകയും അവഗണന നേരിടുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രയാസമുണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടി ഉയർത്തിപ്പിടിച്ച നന്മയുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളിലും കുതികാൽവെട്ടിന് നേതൃത്വം നൽകുന്നവരുണ്ടെന്നും അഖിൽ വിമർശിച്ചു. പാർട്ടിക്ക് വേണ്ടി പോസ്റ്ററൊട്ടിക്കുകയും നാട്ടിൽ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന സാധാരണ പ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുത്. മന്ത്രിമന്ദിരങ്ങളിൽ കയറിയിറങ്ങുന്ന നേതാക്കളെപ്പോലെ, സെക്രട്ടേറിയറ്റിൽ പോലും എത്താതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരും കോൺഗ്രസിലുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കണമെന്നും അഖിൽ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ സൈബർ ആക്രമണം നേരിട്ടപ്പോഴാണ് താൻ പ്രതികരിച്ചതെന്നും തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ നെറികേടിന്റെ രാഷ്ട്രീയമാണ്. ഉമ്മൻചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവന്നതിന്റെ ഫലം ഇപ്പോൾ കാണാനുണ്ടെന്നായിരുന്നു നിലവിലെ അധ്യക്ഷനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള അഖിലിന്റെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *