അബൂദബി: അബൂദബിയിലെ കെട്ടിടങ്ങളിൽ ലിഫ്റ്റ് സുരക്ഷയിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. കൃത്യമായ ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലാത്ത സ്ഥാപനങ്ങൾക്ക് 5000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ സിവില്‍ ഡിഫന്‍സ് സേവന നിയന്ത്രണങ്ങള്‍ സംബന്ധിച്ച 2012ലെ 24-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, സ്വകാര്യ വില്ലകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതോറിറ്റിയുടെ നിർദേശപ്രകാരം റെസിഡൻഷ്യൽ, വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത ലിഫ്റ്റ് മെയിന്റനൻസ് കമ്പനിയുമായി കരാർ ഉണ്ടായിരിക്കണം
ലിഫ്റ്റ് മെയിന്റനന്‍സ് കരാറുകള്‍ക്ക് പുറമെ മറ്റ് സുരക്ഷാ വീഴ്ചകള്‍ക്കെതിരെയും ശക്തമായ പിഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോയിലര്‍ റൂമുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങളിലും തീപിടുത്ത പ്രതിരോധ സംവിധാനങ്ങളിലും വീഴ്ച വരുത്തിയാല്‍ 10,000 ദിര്‍ഹം പിഴ ചുമത്തും. അതോറിറ്റിയുടെ മുന്‍കൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങളിലോ മേല്‍ക്കൂരകളിലോ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കും 10,000 ദിര്‍ഹമാണ് പിഴ. ലിഫ്റ്റുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും കൃത്യമായ അറ്റകുറ്റപ്പണി ഉറപ്പുവരുത്താന്‍ കെട്ടിട ഉടമകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
