പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വൻ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ബിജെപിയുടെ മുഴുവൻ എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ മണ്ഡലതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതും ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം വർധിപ്പിക്കുന്നതും പ്രധാനമായി ചർച്ചയായി.
പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ഭൂരിഭാഗം ബിജെപി എംഎൽഎമാർക്കും നേതാക്കൾക്കും പ്രത്യേക ചുമതല നൽകാനാണ് പാർട്ടിയുടെ നീക്കം.നിയോജകമണ്ഡലങ്ങൾക്കൊപ്പം ബൂത്ത് തലത്തിലും സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.അതേസമയം, ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ പഞ്ചാബിൽ രാഷ്ട്രീയമായി അവതരിപ്പിക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി നയാബ് സിങ് സൈനി ഇതിനോടകം പഞ്ചാബിൽ സജീവമായി ഇടപെടുന്നുണ്ട്.
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളിൽ ജനങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുക, സർക്കാർ പദ്ധതികളുടെ ഗുണം അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുന്നു.



