അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ പുകവലിക്കുന്നതായി സംശയിക്കുന്ന വീഡിയോ പുറത്ത്. ടീം ഹോട്ടലിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ ഐപിഎല്ലിനെ ചുറ്റിപറ്റി വിവാദവും ഉടലെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ കാഗിസോ റബാദയോട് മുഖ്യസാമ്യമുള്ള ഒരാൾ പുകവലിക്കുന്നതാണ് ഉള്ളത്. ഗുജറാത്ത് ടൈറ്റൻസിന്റെ ട്രെയിനിങ് കിറ്റാണ് പുകവലിക്കുന്ന ആൾ ധരിച്ചിരിക്കുന്നത്. ഇതേ കിറ്റ് ധരിച്ചിരിക്കുന്ന മറ്റു ചിലരെയും ദൃശ്യങ്ങളിൽ കാണാം. ദൃശ്യത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്.
നേരത്തെ ഉത്തേജകമരുന്ന് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തെ വിലക്ക് നേരിട്ട താരമാണ് കാഗിസോ റബാദ. ഇതിനെ തുടർന്ന് നാട്ടിലേക്ക് പോയ അദ്ദേഹം വിലക്ക് നീങ്ങിയതിനു ശേഷമാണ് ടീമിലേക്ക് തിരിച്ചു വന്നത്. ആ വിലക്കിനു കാരണമായ ഉത്തേജകമരുന്നിന്റെ പരിശോധന വിവരം പുറത്തുവന്നിട്ടില്ല. അതേസമയം ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയെകുറിച്ച് റബാദയോ ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചൈസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.



