അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി 7.30 ന് അഹമ്മദാബാദിലാണ് മത്സരം. ജയിച്ച് തുടങ്ങി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിലാണ് ടൈറ്റന്‍സിന്റെ പ്രതീക്ഷ.
ബുംറയും ബോള്‍ട്ടുമടക്കമുള്ള മുംബൈ ബോളിങ്ങിനെ കരുതലോടെ നേരിട്ട് വന്‍ സ്‌കോര്‍ നേടാന്‍ കരുത്തുള്ളവരാണ് ടൈറ്റന്‍സ് ബാറ്റര്‍മാര്‍. ബോളിങ്ങില്‍ റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ത്രയം മുംബൈയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. റാഷിദ് ഖാനും വാഷിങ്ടണ്‍ സുന്ദറുമടങ്ങുന്ന സ്പിന്നര്‍മാരും ചേരുന്നതോടെ ഗുജറാത്ത് ടീം സെറ്റാണ്. ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ എട്ടില്‍ അഞ്ചിലും ജയം ഗുജറാത്തിനായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഗുജറാത്തിനെ വീഴ്ത്തിയിരുന്നു. ആ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് ഗില്ലും സംഘവും കളത്തിലിറങ്ങുക.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, അശോക് ശര്‍മ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, തിലക് വര്‍മ്മ, മായങ്ക് റാവത്ത്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ഗസന്‍ഫാര്‍.
