കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ അർധരാത്രിയും പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ശക്തമായ മഴയിൽ ആലപ്പുഴ അപ്പർ കുട്ടനാടും വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര , തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകി വരികയാണ്.
