10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. കനത്ത മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും ഇന്ന് അഞ്ച് സെന്റിമീറ്റർ വരെ ഉയർത്തും. പുഴയോരവാസികൾ ജാഗ്രത പാലിക്കണം. ഡാമിലെ ജലനിരപ്പ് 77.27 മീറ്ററിലെത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.

നാളെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാനും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *