പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവാണ് അറസ്റ്റിലായത്. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റ കേസിലാണ് നടപടി. മിൽമ നെയ്യിന് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിലേക്ക് എത്തിക്കേണ്ട നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഈ ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
നെയ്യ് വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന കരാറുകാരൻ എങ്ങനെ ക്രമക്കേട് നടത്തിയെന്നതും അന്വേഷണ പരിധിയിലാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഇടപാടിന്റെ പിന്നിലെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഭക്തർക്കായി എത്തിക്കേണ്ട നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് വലിയ വിവാദമായിരിക്കുകയാണ്. ദേവസ്വം ബോർഡിന്റെ സാമ്പത്തിക നഷ്ടവും വിതരണത്തിലെ വീഴ്ചകളും സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.



