തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും. വൈകിട്ട് നാലിന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തും. തുടർന്ന് വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും.
ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദീതീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഷട്ടറുകൾ ഉയർത്തുന്നതോടെ ജലപ്രവാഹം വർധിക്കാൻ സാധ്യതയുള്ളതിനാൽ നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം.
വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. അറിയിച്ചു.
ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ നദികളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.



