കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടിയിരിക്കുകയാണ് കെട്ടിട ഉടമ. ഇപ്പോൾ പാർട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാണാവശ്യം.
2022ലാണ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊൽക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലായിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേയും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വാർ റൂം അടക്കം ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അടിയന്തരമായി കെട്ടിടം ഒഴിപ്പിക്കണമെന്നാണ് ആവശ്യം. 2022ന് മുമ്പ് തൃണമൂൽ ഭവൻ എന്ന കെട്ടിടത്തിലായിരുന്നു പാർട്ടി ആസ്ഥാനം പ്രവർത്തിച്ചിരുന്നത്.
എന്നാൽ അറ്റകുറ്റപണികൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. എന്നാൽ 2022ന് മുമ്പ് പ്രവർത്തിച്ചിരുന്ന തൃണമൂൽ ഭവനും ഒഴിയണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ പേരിലാണ് കെട്ടിടം ഉള്ളതെന്നും മമത ബാനർജി അടിയന്തരമായി കെട്ടിടം ഒഴിയണമെന്നുമാണ് ആവശ്യം.
