തിരുവനന്തപുരം: സംസ്ഥാനത്ത് നേരിട്ട കനത്ത തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായി ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. തോൽവിയുടെ കാരണങ്ങൾ അക്കമിട്ടു നിരത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ, കടുത്ത വിമർശനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് പൂർണമായി അകന്നതും എസ്ഐആർ വിഷയവും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ ഉൾപ്പെടെ വിപുലമായ ചർച്ചകൾ നടത്തി മൂന്നു മാസത്തിനകം പ്രായോഗിക തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.
വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ പാർട്ടി കൃത്യമായ സമയത്ത് തള്ളിപ്പറയാതിരുന്നത് വലിയ തെറ്റായിപ്പോയെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി പാർട്ടിയുടെ കീഴ് ഘടകങ്ങളിൽ ഒരു റൗണ്ട് കൂടി വിശദമായ ചർച്ചകൾ സംഘടിപ്പിക്കും. മൂന്നു മാസത്തിനകം പ്രായോഗികമായ തിരുത്തലുകൾ വരുത്തി ജനപിന്തുണ തിരിച്ചുപിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
