തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐഎസ്എഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും സര്‍ക്കാരിനെ അനുവദിക്കില്ലെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. സഭയിൽ ജെബി മേത്തര്‍ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്കിയ മറുപടി മുഖ്യമന്ത്രി വി ഡി സതീശന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്റെയും ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയണെന്നും എഐഎസ്എഫ് ചൂണ്ടിക്കാണിച്ചു. പിഎം ശ്രീ വിഷയത്തില്‍ തുടക്കം മുതല്‍ ഒളിച്ചുകളിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എഐഎസ്എഫ് ആരോപിച്ചു.
‘പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തര്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്കിയ മറുപടി, മുഖ്യമന്ത്രി വി ഡി സതീശന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീൻ്റെയും ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുഡിഎഫ് ഇതുവരെ നടത്തിയിരുന്നത്. എന്നാല്‍, കേരളത്തില്‍ ഇതുവരെ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള പദ്ധതിനടപ്പാക്കല്‍ നടപടികളില്‍ കേരളം പങ്കാളിയായിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
പിഎം ശ്രീ വിഷയത്തില്‍ തുടക്കം മുതല്‍ ഒളിച്ചുകളിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് അര്‍ഹമായ സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ 99.27 കോടി രൂപ ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളെ ബോധപൂര്‍വം പിഎം ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയ പ്രചരണത്തിനും അവര്‍ നേതൃത്വം നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഒരു കാരണ വശാലും സര്‍ക്കാരിനെ അനുവദിക്കില്ല’, എഐഎസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറാന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഏതൊക്കെ സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
