എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോ​ഗിക പദവി ദുരപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി.

ആരോപണ വിധേയനേയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് തെറ്റാണെന്നും സംയുക്ത ഹിയറിങ് നീതിയുക്ത രീതിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാും. അതിൽ എഡിജിപി എസ്.ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവും. ഈ തെളിവുകൾ ഇല്ലാതാക്കാൻ ശ്രീജിത്തിന് കഴിയുമെന്നും ഹർജിക്കാരനെ ബിശ്വനാഥ് സിൻഹ സങ്കടകരമായ സാഹചര്യത്തിലാക്കിയെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരനായ ദിപിൻ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിൻങ നൽകിയില്ല. മുതിർന്ന ഉദ്യോ​ഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ കോടതി റിപ്പോർട്ടിൽ തീയതിപോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബിശ്വനാഥ് സിൻഹ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിങിലാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *