തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി കാരണം യാത്രക്കാരില്ലാതെ നഷ്ടത്തിലായ സ്വകാര്യ ബസുകാരുടെ പ്രതീക്ഷ സർക്കാർ ഇടപെടലിൽ. പ്രിയദർശിനിക്കൊപ്പം ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസം 1500-നും 2000 രൂപയ്ക്കും ഇടയിൽ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ സർക്കാർ ഇടപെടലിലാണ് സ്വകാര്യ ബസുകാരുടെ പ്രതീക്ഷ. നിലവിൽ അനുവദിച്ച റോഡ് നികുതി ഇളവ് പ്രതിദിന നഷ്ടം നികത്താൻ പര്യാപ്തമല്ല. ബസുകൾ റൂട്ടടക്കം കെ.എസ്.ആർ.ടി.സി.ക്ക് വാടകയ്ക്ക് നൽകാൻ സ്വകാര്യ ബസുകാർ സന്നദ്ധത അറിയിച്ചിരുന്നു. ഇതിൽ സർക്കാർ മനസ്സ് തുറന്നിട്ടില്ല.
സൗജന്യയാത്രയുടെ പേരിൽ കെ.എസ്.ആർ.ടി.സി.ക്ക് വർഷം 800 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾ ഏറ്റെടുത്ത് ഓർഡിനറിയായി ഓടിച്ചാൽ യാത്രാസൗജന്യം അതിലും നൽകേണ്ടിവരും. പകരം ദീർഘദൂര പാതകളിൽ ലാഭകരമായി ഓടിക്കാമെന്ന നിർദേശവും ഉയർന്നിരുന്നു. എന്നാൽ, ഇവ പിൻവലിക്കുന്ന പാതകളിൽ യാത്രാക്ലേശത്തിന് സാധ്യതയുണ്ടെന്നതാണ് വെല്ലുവിളി.അതേസമയം, സ്വകാര്യ ബസുകളുടെ നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി. ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ മാറ്റാനാണ് നീക്കം. സ്വകാര്യ ബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ യാത്രാസമയത്തിൽ അഞ്ചു മുതൽ പത്ത് മിനിട്ടു വരെ മാറ്റം വരുത്തും. 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യ ബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.
വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയ്യാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻവേണ്ടി സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. സൗജന്യയാത്ര തുടങ്ങിയിട്ടും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. ഷെഡ്യൂൾ പുനഃക്രമീകരണത്തിലൂടെ ഇതിലും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
