കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്തെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്. മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷെരീഖിനെ താൻ തലയ്ക്കടിച്ചുകൊന്നിട്ടുണ്ടെന്നും മൃതദേഹം മുണ്ടുപാലത്തെ വീട്ടിലുണ്ടെന്നും അറിയിച്ച് സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ രാത്രിയിൽ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. എന്നാൽ, കൊലപാതകത്തിന്റെതായ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മാറ്റും. ലഹരിയുപയോഗമാണോ മരണകാരണമെന്ന സംശയവും പോലീസിനുണ്ട്. വിവരം നൽകിയ അഷ്റഫ് പോലീസ് കസ്റ്റഡിയിലാണ്.
