അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ‘അമ്മ’

കൊച്ചി: നടി അന്‍സിബയ്ക്ക് സംഘടന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ താരസംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി അന്‍സിബ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ സംഘടന അടുത്ത നടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂണ്‍ 17ാം തീയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അന്‍സിബ ശ്രമിച്ചതെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അമ്മയുടെ സല്‍ക്കീര്‍ത്തിയും ജനപ്രീതിയും ഇടിയാന്‍ കാരണമായെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു.അതേസമയം നടി അന്‍സിബ വനിതാ എസ്‌ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ വനിതാസെല്‍ എസ്‌ഐ രേഷ്മ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മി പ്രിയയും വനിതാ എസ്‌ഐയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി.

അതേസമയം നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അന്‍സിബ ഹാജരായി മൊഴി രേഖപ്പെടുത്തി. തനിക്കെതിരെ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നം ജിഹാദി എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാനന്‍ ശ്രമിച്ചെന്നുമാണ് ടിനി ടോമിനെതിരായ പരാതി. നടി നീനാ കുറുപ്പാണ് കേസിലെ പ്രധാന സാക്ഷി. ടിനി ടോമിന്റേയും നീനാ കുറുപ്പിന്റെയും മൊഴികളും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *