ഒമാനിലെ വിമാനക്കമ്പനിയായ സലാം എയറിന്റെ 16-ാം വിമാനമെത്തി

മസ്‌കത്ത്: ഒമാനിലെ വിമാനക്കമ്പനി സലാം എയറിന്റെ 16-ാം വിമാനമെത്തി. യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സലാം എയർ പുതിയ വിമാനമെത്തിച്ചത്. കമ്പനിയുടെ വ്യോമയാന യാത്രയിലെ മറ്റൊരു ചുവടുവയ്പ്പായി ‘സൂർ’ എന്ന പേരിട്ട വിമാനമാണ് എത്തിയത്. ഇൻസ്റ്റാഗ്രാമിൽ നടത്തിയ കമ്മ്യൂണിറ്റി വോട്ടെടുപ്പിലൂടെയാണ് ഈ പേര് വിമാനത്തിനായി തിരഞ്ഞെടുത്തത്. സമുദ്ര പൈതൃകത്തിനും പരമ്പരാഗത കപ്പൽ നിർമാണ വ്യവസായത്തിനും പേരുകേട്ട ചരിത്ര തീരദേശ നഗരമാണ് സൂർ.

ഒമാന്റെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ ലാൻഡ്മാർക്കുകൾ ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് തങ്ങളുടെ വിമാനത്തിന് ഈ തരത്തിൽ പേരിടുന്നതെന്ന് സലാം എയർ അഭിപ്രായപ്പെട്ടു. ഒമാനിലെ പ്രധാന സ്ഥലങ്ങളുടെ പേരുകൾ നൽകുന്നതിലൂടെ, രാജ്യത്തിന്റെ പൈതൃകം ഉയർത്തിക്കാട്ടാനാണ് സലാം എയർ ലക്ഷ്യമിടുന്നത്. 2028 ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 25 ആയി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *