കൊച്ചി: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശന ചർച്ചകൾക്കിടെ കെ.വി. തോമസിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജിന്റോ ജോൺ. പിണറായിയുടെ പുട്ടും കടലയും കഴിച്ചിട്ട് ബിജെപിയിലേക്ക് പാലം പണിയാൻ പോയ ഒറ്റുകാരനാണ് കെ.വി. തോമസെന്നായിരുന്നു ജിന്റോയുടെ പരിഹാസം.
പത്മജയുടേത് കോൺഗ്രസ് രക്തമാണെന്ന കെ.വി. തോമസിന്റെ പരാമർശത്തോടായിരുന്നു പ്രതികരണം. അധികാരമില്ലാതെ കുറച്ചുകാലം ജീവിച്ചുനോക്കണമെന്നും കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ഉപദേശവുമായി വരേണ്ടെന്നും ജിന്റോ തുറന്നടിച്ചു. അതേസമയം, പത്മജയുടെ മടങ്ങിവരവിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുള്ള മടങ്ങിവരവ് വേണ്ടെന്നാണ് വിമർശനം.
പാർട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ കോൺഗ്രസ് വിട്ടതെന്നും ദീപ്തി ആരോപിച്ചു. എന്നാൽ വിഷയത്തിൽ വിവാദമില്ലെന്നും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ഇതിനിടെ, മുൻകാല പ്രസ്താവനകളിൽ പത്മജ കോൺഗ്രസ് പ്രവർത്തകരോട് പരസ്യമായി ക്ഷമാപണം നടത്തി.
ഓരോ പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിൽ ഖേദം പ്രകടിപ്പിച്ച പത്മജയുടെ നിലപാട് കോൺഗ്രസിലെ ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്. എന്നാൽ ഈ ക്ഷമാപണം കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമുണ്ടാക്കുമോ എന്നതാണ് പ്രധാന ചോദ്യം. പത്മജയുടെ മടങ്ങിവരവിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇതോടെ കൂടുതൽ ചർച്ചയാകുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇനി നിർണായകമാകും.
