കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നതിനുള്ള പ്രവാസികളുടെ ആരോഗ്യപരിശോധനാ നടപടികൾ കർശനമാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള നിർണ്ണായക നീക്കവുമായി ആരോഗ്യ മന്ത്രാലയം. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), ഹെൽത്ത് കൗൺസിൽ അംഗീകരിച്ച പരിഷ്കരിച്ച ‘വാഫെഡ്’ പ്രോഗ്രാം നടപ്പിലാക്കിക്കൊണ്ടുള്ള മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറപ്പെടുവിച്ചു. പ്രവാസികളുടെ മെഡിക്കൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ചട്ടങ്ങൾ.
അമ്പത്തിനാല് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഈ മാർഗ്ഗരേഖയിൽ വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് ഏകോപനം ശക്തമാക്കാൻ വ്യവസ്ഥയുണ്ട്. ഇതിലൂടെ മെഡിക്കൽ സ്ക്രീനിംഗ് നടപടികൾ വേഗത്തിലാക്കാനും പിഴവുകൾ ഇല്ലാതെ പൂർത്തിയാക്കാനും സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ അംഗീകൃത മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കർശനമായി വിലക്കാനും പുതിയ ഉത്തരവ് നിർദ്ദേശിക്കുന്നുണ്ട്. ഇത് സേവനങ്ങളുടെ നിലവാരവും സുതാര്യതയും മെച്ചപ്പെടുത്താൻ സഹായിക്കും.
പുതിയ നിയമപ്രകാരം ക്ലിനിക്കൽ പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ, റേഡിയോളജി പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. ഇനി മുതൽ വിദേശത്തുള്ള മെഡിക്കൽ സെന്ററുകൾക്ക് അംഗീകാരം നൽകുന്നതിനും അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കർശനമായ മാനദണ്ഡങ്ങളായിരിക്കും ഉണ്ടാകുക. വിസ, താമസാനുമതി നടപടികൾ എളുപ്പമാക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സാധ്യതയും സാക്ഷ്യപ്പെടുത്തലും സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
