ദുബൈ: കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടാക്കാനുള്ള സാധ്യതയെത്തുടർന്ന് സൗദിയിലെ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച ഫീഡിങ് ബോട്ടിലുകൾ യുഎഇയിലെ പ്രാദേശിക വിപണിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും നടത്തിയ പരിശോധനയിലാണ് ഈ വിവരം വ്യക്തമായത്.
‘നർഷ് 8oz റീയൂസബിൾ ബേബി ബോട്ടിലിന്റെ’ (Nursh 8oz Reusable Baby Bottles – Product No. B11654) 22 യൂണിറ്റുകൾ കഴിഞ്ഞ ദിവസം സൗദി അറേബ്യൻ വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു. ഈ കുപ്പികളുടെ പുറംഭാഗത്തുള്ള സംരക്ഷണ പാളി ഇളകിപ്പോകാൻ സാധ്യതയുണ്ടെന്നും, ഇങ്ങനെ അടർന്നുപോകുന്ന ചെറിയ കഷ്ണങ്ങൾ വിഴുങ്ങി ശിശുക്കൾക്ക് ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ യുഎഇയിലെ കടകളിൽ വിൽപനക്ക് എത്തിയിട്ടില്ലെന്ന് വ്യാപാരികൾ സ്ഥിരീകരിച്ചു.
