വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ റുഷികൊണ്ട കുന്നിൽ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി. കുന്നിടിക്കൽ, മണ്ണ് നീക്കം ചെയ്യൽ, നിരപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുന്നിന്റെയും സമീപ തീരപ്രദേശങ്ങളുടെയും പരിസ്ഥിതിക്ക് ഗണ്യമായ നാശമുണ്ടാക്കിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
വിശാഖപട്ടണത്തെ റുഷികൊണ്ട കുന്നിൽ ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ നടപ്പാക്കിയ വിനോദസഞ്ചാര പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിർമാണം നടത്തിയതെന്ന ആരോപണവുമായി മുൻ കോർപറേഷൻ കൗൺസിലറും പരിസ്ഥിതി പ്രവർത്തകനുമായ പി.വി.എൽ.എൻ. മൂർത്തി യാദവാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചത്.
പദ്ധതിയുടെ ഭാഗമായി വ്യാപകമായി കുന്നിടിക്കുകയും മണ്ണ് നീക്കം ചെയ്യുകയും ഭൂമി നിരപ്പാക്കുകയും ചെയ്തതായി സമിതി കണ്ടെത്തി. നിർമാണത്തിനായി കുഴിച്ചെടുത്ത മണ്ണും അവശിഷ്ടങ്ങളും നിർമാണ-പൊളിക്കൽ മാലിന്യങ്ങളും പദ്ധതിക്കായി അംഗീകരിച്ച പരിധിക്ക് പുറത്തുള്ള വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തീരദേശ നിയന്ത്രണ മേഖലയായ സിആർസെഡ് (CRZ) പ്രദേശങ്ങളിലും ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഇത് ഭൂമിയുടെ സ്വാഭാവിക ഘടനയെയും തീരദേശ പരിസ്ഥിതിയെയും ബാധിച്ചതായാണ് വിലയിരുത്തൽ.
റുഷികൊണ്ട കുന്നിന് പുറമെ സമീപപ്രദേശങ്ങളായ ടോട്ട്ലകൊണ്ട, മനഗമരിപേട്ട, രാമദ്രി, ഉപ്പാഡ, കപുലുപ്പാഡ, യെൻഡാഡ തുടങ്ങിയ സ്ഥലങ്ങളിലും മണ്ണും നിർമാണാവശിഷ്ടങ്ങളും നിക്ഷേപിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സസ്യജാലങ്ങൾക്കും ജീവികളുടെ ആവാസവ്യവസ്ഥയ്ക്കും ഇതുമൂലം നാശമുണ്ടായി. കുന്നിന്റെ ചരിവുകളിലെ മാറ്റം സ്വാഭാവിക നീരൊഴുക്കിനെയും ബാധിച്ചു. മഴക്കാലത്ത് മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, ചരിവുകൾ തകർന്നുവീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിക്കാമെന്നും സമിതി മുന്നറിയിപ്പ് നൽകി.
പ്രകൃതിദത്തമായ ഭൂപ്രകൃതിയിൽ വരുത്തിയ മാറ്റങ്ങൾ പ്രദേശത്തിന്റെ മനോഹാരിതയെയും വിനോദസഞ്ചാര മൂല്യത്തെയും ബാധിച്ചതായും റിപ്പോർട്ടിലുണ്ട്. ബീച്ചുകളിൽനിന്നും പൊതുവഴികളിൽനിന്നും കാണാവുന്ന കുന്നിന്റെ സ്വാഭാവിക കാഴ്ചയ്ക്ക് വലിയ മാറ്റമുണ്ടായെന്നും സമിതി നിരീക്ഷിച്ചു.
നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് സമഗ്രമായ പാരിസ്ഥിതിക പുനരുദ്ധാരണ പദ്ധതി നടപ്പാക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. നീക്കം ചെയ്ത മണ്ണും നിർമാണ മാലിന്യങ്ങളും തിരിച്ചെടുത്ത് സുരക്ഷിതമായി സംസ്കരിക്കുക, കുന്നിന്റെ ചരിവുകൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുക, തദ്ദേശീയ സസ്യങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കുക തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടണം. കുറഞ്ഞത് പത്ത് വർഷത്തേക്ക് പരിസ്ഥിതി നിരീക്ഷണവും നടത്തണം.
പദ്ധതിയുടെ നടത്തിപ്പുകാരായ സ്ഥാപനത്തിനുതന്നെ പുനരുദ്ധാരണ പദ്ധതിയുടെ രൂപീകരണത്തിനും നടപ്പാക്കലിനും ഉത്തരവാദിത്വമുണ്ടാകണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. തീരദേശ പരിസ്ഥിതി, ഭൂമിശാസ്ത്രം, മണ്ണിന്റെ സ്ഥിരത, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കണം പുനരുദ്ധാരണം.
മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്താണ് റുഷികൊണ്ടയിൽ 452 കോടി രൂപ ചെലവിൽ ആഡംബര വിനോദസഞ്ചാര സമുച്ചയം നിർമിക്കുന്ന പദ്ധതി നടപ്പാക്കിയത്. എന്നാൽ നിർമാണം പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം തുടക്കംമുതൽ ഉയർന്നിരുന്നു.
റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. റുഷികൊണ്ടയിലെ നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് വരുത്തിയ ആഘാതവും അതിന്റെ പുനരുദ്ധാരണ മാർഗങ്ങളും ഇനി കോടതിയുടെ തുടർനടപടികളിൽ നിർണായകമാകും.
