വിജയ് സേതുപതി – ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്

ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘പോക്കറ്റ് നോവലി’ലെ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന് പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീത പ്രമോഷന് തുടക്കം കുറിച്ചുകൊണ്ടാണ് ആദ്യ സിംഗിൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില കഥകൾ പറഞ്ഞറിയിക്കുന്നതിനേക്കാൾ കേട്ടറിയുന്നതാണ് നല്ലത്’ എന്ന കൗതുകമുണർത്തുന്ന വരികളോടെയാണ് ഗാനത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്ന് ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 14ന് പൊങ്കൽ റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ വ്യത്യസ്തമായ ചലച്ചിത്രഭാഷയും ആഖ്യാനശൈലിയും അടയാളപ്പെടുത്തിയ സംവിധായകനാണ് ത്യാഗരാജൻ കുമാരരാജ. ‘സൂപ്പർ ഡീലക്സി’ന് ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ‘പോക്കറ്റ് നോവലി’ന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകന്റെ വ്യത്യസ്തമായ അവതരണശൈലിക്കൊപ്പം കൂടുതൽ വിശാലമായ പ്രേക്ഷകവിഭാഗങ്ങളുമായി സംവദിക്കുന്ന കഥാലോകമാണ് ഇത്തവണ ഒരുക്കുന്നത്.

അഞ്ച് ഗാനങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിൽ ഡ്രാമ, ഉദ്വേഗം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്ക്കൊപ്പം പ്രേക്ഷകർക്ക് സ്വയം ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളുമുണ്ടാകും. നിത്യജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളും മനുഷ്യബന്ധങ്ങളുമെല്ലാം ചേർന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വലിയ സ്ക്രീനിൽ ആസ്വദിക്കേണ്ട സിനിമാനുഭവമായാണ് ‘പോക്കറ്റ് നോവൽ’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ആൻഡ്രൂ ലൂയിസാണ് ഒരുക്കിയിരിക്കുന്നത്.

വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനൻ, രാജ് ബി. ഷെട്ടി, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരുടെയും രണ്ടാമത്തെ കൂട്ടുകെട്ടാണിത്. സംവിധായകന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ നിർമ്മാണ സംരംഭം കൂടിയാണ് ‘പോക്കറ്റ് നോവൽ’. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ ഇപ്പോൾ റിലീസിന് തയ്യാറായിരിക്കുകയാണ്. ജനുവരി 14ന് പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

നിർമ്മാണം: ത്യാഗരാജൻ കുമാരരാജ, എസ്.ഡി. എഴിൽമതി, നിർമ്മാണ ബാനറുകൾ: ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ്, സംവിധാനം: ത്യാഗരാജൻ കുമാരരാജ, കഥ, തിരക്കഥ: ആൻഡ്രൂ ലൂയിസ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: നിരവ് ഷാ, എഡിറ്റിംഗ്: സത്യരാജ് നടരാജൻ, കലാസംവിധാനം: വി. ഷൺമുഖരാജ, സംഘട്ടനം: ദിലീപ് സുബ്ബരായൻ, വസ്ത്രാലങ്കാരം: എസ്.ഡി. എഴിൽമതി, പിആർഒ : ശബരി

Leave a Reply

Your email address will not be published. Required fields are marked *