പ്രതിപക്ഷനേതാവ് ആരാകും? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലാണ് പരിഗണനയിലുള്ളത്. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

അതേസമയം കനത്ത തോൽവിയിൽ ഇതുവരെ പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ ഇനി താമസിക്കുക. വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
പിന്നാലെ എകെജി സെന്ററിൽ നിന്നുള്ള വാഹനത്തിൽ ക്ലിഫ് ഹൗസിലേക്ക് യാത്ര. വൻ വാഹനവ്യൂഹങ്ങളുടെ അകമ്പടിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *