സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ തർക്കം സമവായത്തിലെത്താത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സി.പി.ഐ. മുന്നണിയുടെ സമരങ്ങൾ ഉടനുണ്ടാകുമെന്നും എല്ലാ കക്ഷികൾക്കും ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്താൻ അവകാശമുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 12-ന് നിയമസഭാസമ്മേളനം തുടങ്ങും.

അതിനുശേഷം, മുഴുവൻ മേഖലകളിൽനിന്നും പ്രവർത്തകരെ എത്തിച്ച് 14-ന് പാർട്ടിയുടെ ശക്തിതെളിയിക്കുന്ന സമരപരിപാടി ഒരുക്കാനാണ് സി.പി.ഐ.യുടെ തീരുമാനം. വെള്ളപ്പൊക്കം കാരണം ദുരിതം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വിതരണം ചെയ്യുക, ഇടതുസർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാപെൻഷൻ പദ്ധതി റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുക, ലേബർകോഡും പി.എം. ശ്രീയും നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽനിന്ന് സി.പി.ഐ. പിന്നോട്ടുപോയിട്ടില്ലെന്നും അത് പാർട്ടിയുടെ നിലപാടാണെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇക്കാര്യത്തിൽ തീരുമാനമാകാതെ പാർലമെന്ററി പാർട്ടി യോഗം വേണ്ടതില്ലെന്ന മുൻനിലപാടിൽ തന്നെയാണ് സി.പി.ഐ. അതിനാൽ, ഈ നിയമസഭാകാലത്തും സർക്കാരിനെ നേരിടാനുള്ള പ്രതിപക്ഷ കൂടിയാലോചന ഉണ്ടാകാനിടയില്ല. യു.ഡി.എഫ്. സർക്കാർ വന്നതിനുശേഷം എൽ.ഡി.എഫിന് ഒന്നിച്ച് സമരത്തിനിറങ്ങാനോ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്താനോ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *