തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തി കെപ്കോയിൽ അനധികൃത നിയമനം നടത്തുന്നതായി ആരോപണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, സർവീസിൽ നിന്ന് വിരമിച്ചവരെ വഴിവിട്ട് നിയമിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കരാർ കാലാവധി പൂർത്തിയാകും മുൻപ് തന്നെ നിലവിലുള്ള ജീവനക്കാരെ നിർബന്ധിച്ച് രാജി വെപ്പിച്ചതായും പരാതി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കെപ്കോയിൽ ഈ വ്യവസ്ഥകൾ പരസ്യമായി ലംഘിക്കപ്പെടുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥരെയടക്കം തസ്തികകളിൽ വഴിവിട്ട് നിയമിക്കുകയാണെന്നാണ് പ്രധാന ആരോപണം. സീനിയർ ഓഫീസ് സൂപ്രണ്ട് തസ്തികയിലേക്ക് സർവീസിൽ നിന്ന് വിരമിച്ച ആളെ നിയമങ്ങൾ പാലിക്കാതെ പുനർനിയമിച്ചു.
നിലവിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ മനഃപൂർവം രാജി വെപ്പിച്ച ശേഷമാണ് ഇഷ്ടക്കാരെ തിരികികയറ്റുന്നതെന്നും ആരോപണമുണ്ട്.
12 വർഷം വരെ പ്രവർത്തിപരിചയം വേണ്ട പോസ്റ്റുകളിലേക്ക് വരെ യോഗ്യത ഇല്ലാത്തവരെ തിരികെ കയറ്റി എന്നും ആക്ഷേപമുണ്ട്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും വിജിലൻസിനും പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതർ വിഷയം ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമാണ്.



