ഗുരുവായൂർ നഗരം വെള്ളത്തിൽ; 2 കാറുകൾ ഒഴുക്കിൽപെട്ടു, ബസ് റോഡിനു നടുവിൽ നിന്നു

ഗുരുവായൂർ: നഗരം വെള്ളക്കെട്ടിൽ. ക്ഷേത്രം തെക്കേ നടയിൽ ദേവസ്വം ഓഫിസിനു മുന്നിലുള്ള റോഡിലാണ് വെള്ളം കയറിയത്. തെക്കേ നടയിലെ കടകളുടെ മുന്നിലും വെള്ളക്കെട്ടായി. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡും വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ വന്ന ബസ് റോഡിനു നടുവിൽ നിന്നു പോയതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗുരുവായൂർ –തൃശൂർ റോഡിൽ തൈക്കാട് ജംക്‌ഷൻ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ഉച്ചവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

പ‍ടിഞ്ഞാറെനടയിൽ മുല്ലത്തറ അമ്പലത്തിനു സമീപം അപർണ ജിതേഷിന്റെ വീടിനു ചുറ്റും വെള്ളമായതോടെ അഗ്നിരക്ഷാസേന കുടുംബത്തെ ഒഴിപ്പിച്ചു. കാരക്കാട് റോഡിൽ വെള്ളക്കെട്ടിൽ പെട്ടു പോയ ടെംപോ വാനിലെ 4 പേരെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ഗുരുവായൂരിലെ അഗ്നിരക്ഷാസേനയുടെ ഓഫിസിലും വെള്ളം കയറിയതായാണ് വിവരം. പെരുന്തട്ട ശിവക്ഷേത്രമുറ്റത്തും നാലമ്പലത്തിലും ബ്രഹ്മകുളം, മാവിൻചുവട്–ചിറ്റ്യേനി റോഡ്, കാട്ടുപാടം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *