മൂന്നാർ: കനത്തമഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു. ദേശീയപാതയിൽ പെട്ട ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഹെഡ് വർക്സ് ഡാമിനു താഴെയുള്ള വളവിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലയുടെ ഒരു ഭാഗവും വലിയ പാറകളും റോഡിലേക്ക് വീണു. ഇന്നലെ പുലർച്ചെയും രാവിലെ 10നും രണ്ടു തവണ ഇവിടെ മലയിടിഞ്ഞു. രണ്ടു തവണയും വാഹനങ്ങളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഗതാഗത തടസ്സമുണ്ടാകാതെ ദേശീയപാത അധികൃതർ പാറയും മണ്ണും ഒരു വശത്തേക്ക് മാറ്റി.
മഴ കനത്തതോടെ സിഎസ്ഐ പള്ളിക്ക് സമീപം മലയിടിച്ചിലുണ്ടായ ഭാഗത്ത് വലിയ തോതിൽ നീരൊഴുക്ക് തുടരുകയാണ്. വിള്ളലുണ്ടായ ഭാഗത്ത് മണ്ണ് താഴേക്ക് തള്ളി വരുന്ന നിലയിലാണുള്ളത്. മൂന്നാർ മേഖലയിൽ വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ തുടരുകയാണ്.
തൊടുപുഴ കരിങ്കുന്നം പഞ്ചായത്തിലെ ഇടയാടിക്കു സമീപം ഉരുൾപൊട്ടലിൽ കൃഷി സ്ഥലത്തിന് നാശം സംഭവിച്ചു. കരിങ്കുന്നം – ഇടയാടി– മറ്റത്തിപ്പാറ റോഡിലേക്ക് കല്ലും മണ്ണും വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. മണ്ണൊലിച്ച് ഇറങ്ങിയതിന്റെ 100 മീറ്റർ ചുറ്റളവിൽ വീടുകളുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാർഡംഗം അറിയിച്ചു.
