തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി.ഡി സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ വേദി പങ്കിട്ടു. ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ആർ ചന്ദ്രശേഖരൻ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കേരളത്തിന് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് സതീശനെന്ന് പുകഴ്ത്തിയ ചന്ദ്രശേഖരൻ, അദ്ദേഹത്തിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും വ്യക്തമാക്കി.
താൻ മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് വി. ഡി സതീശൻ. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി കാത്തിരുന്ന ഘട്ടത്തിലായിരുന്നു അത്.
അന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെ തുടർന്ന് ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് പരിപാടി നടന്നിരുന്നത്. പിന്നീട് സർക്കാർ വിചാരണയ്ക്ക് അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ, അന്നത്തെ നിയമസഭാ സമ്മേളന തിരക്കുകൾ മൂലമാണ് തനിക്ക് വരാൻ കഴിയാതിരുന്നതെന്നും ആ പ്രയാസം മൂലമാണ് വീണ്ടും നേതൃയോഗം വിളിക്കാൻ താൻ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.



