താമരശ്ശേരി: കട്ടിപ്പാറ അമരാട് സ്വദേശിയയായ മധ്യവയസ്കന് പാമ്പ് കടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) നാണ് പാമ്പുകടിയേറ്റത്. വെളളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പുകടിയേറ്റത്.
കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കടിച്ച പാമ്പിനെ അഷ്റഫ് പിടികൂടി പ്ലാസ്റ്റിക്ക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷ്റഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
