പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധം; ഗുജറാത്തിൽ എട്ട് പേർ ​അറസ്റ്റിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​അറസ്റ്റിലായി.​ ​ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാ​ഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായത്.

അഹമ്മദ് ​​ഗജിവാല എന്ന അബു ഉബൈദ(19) ഇബ്രാഹിം ഘാ​ഗ(30) മുദസ്സിർ ​ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ​ദുരാനി ഘാ​ഗ(18) എന്നിവരാണ് അറസ്റ്റിലായത്.
പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് എട്ടുപേരും പ്രവർത്തിച്ചിരുന്നതെന്നാണ് എടിഎസ് വെളിപ്പെടുത്തിയത്. ​ഗുജറാത്തിൽ ജെയ്ഷെ പ്രവർത്തനം വിപുലീകരിക്കാനായിരുന്നു ശ്രമം.

ഇതിനായി പുതിയ അം​ഗങ്ങളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. തീവ്രചിന്താ​ഗതികൾ പ്രചരിപ്പിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായും എടിഎസ് വ്യക്തമാക്കി. പ്രതികൾക്കെതിരേ യുഎപിഎ പ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളടക്കം പരിശോധിക്കുകയാണെന്നും എടിഎസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *