തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേ ഇല്ല. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി അരുണിമയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. ഇതോടെ അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. വിശദമായ മറുപടി സമർപ്പിക്കുവാൻ സർക്കാർ സാവകാശം ചോദിച്ചു. ഇത് കോടതി അംഗീകരിച്ചു. കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. തിരുവനന്തപുരം കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി.
സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. മേയർ വിവി രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി കത്ത് നൽകിയത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13നാണ് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറിയത്. തദ്ദേശ വകുപ്പിലെ അസിസ്റ്റൻ്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് കണ്ടു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. 20ന് ലഭിച്ച കുറിപ്പ് അതേ പോലെ പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയായിരുന്നു.



