ഷുക്കൂർ കേസ്: സിബിഐക്ക് തിരിച്ചടി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ CBI അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. CPIM നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ വെറുതെ വിട്ട വിധിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ ആവശ്യമായ തെളിവുകൾ CIBക്ക് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് പ്രധാന സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും അധിക അവസരം നൽകിയിട്ടും രണ്ട് സാക്ഷികളെ ഹാജരാക്കാനായില്ലെന്നും വിധിയിൽ പറയുന്നു.

പ്രതികളുടെ ഫോൺ രേഖകൾ ശേഖരിക്കാത്തതും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്താത്തതും അന്വേഷണത്തിലെ വീഴ്ചകളായി കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയൽ പരേഡിലും ഗുരുതര പിഴവുകളുണ്ടായി. അതേസമയം, കേസിലെ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിൽ ആറുപേർക്ക് ജീവപര്യന്തം തടവും മറ്റുള്ളവർക്ക് മൂന്ന് വർഷം തടവും വിധിച്ചു. 2012 ഫെബ്രുവരി 20നായിരുന്നു അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു കേസ്. എന്നാൽ ഈ ആരോപണത്തിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന നിലപാടിലാണ് ഷുക്കൂറിന്റെ കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *