കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം; കേന്ദ്ര സര്‍ക്കാരിനെതിരെ ആര്‍എസ്എസ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്ത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യമാണെന്നും കേട്ടെഴുത്തല്ല ചര്‍ച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. അവര്‍ക്ക് മറുപടി നല്‍കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വേണം.

ഇന്ന് കുടുംബങ്ങളില്‍ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാര്‍ത്ഥികള്‍ സമരം കടുപ്പിക്കുമ്പോഴാണ് ആര്‍എസ്എസ്‌ന്റെ നിലപാട്. ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ ബിജെപി തീരുമാനമെടുത്തിരിക്കുന്ന ഘട്ടത്തില്‍ ആര്‍എസ്എസ്‌ന്റെ പരോക്ഷ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

നേരത്തെ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ അനുകൂലിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ ആശങ്കകള്‍ ന്യായമാണെന്നും അവര്‍ക്ക് നേരെ ബലം പ്രയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഇന്നും ജന്തര്‍മന്തറില്‍ സമരം കടുക്കുമെന്നാണ് വിവരം. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് സിജെപി തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *