വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ; മുന്നറിയിപ്പ് നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു.

അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.

അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *