ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിടും. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും.
മലയാളി താരം മമിതയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിത നായികയായി എത്തിയിരുന്നു. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വറാണ്. മലയാളത്തിൽ നിന്നും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം ഇഡ്ലി കടൈ ആണ്. നിത്യ മേനന് ആയിരുന്നു ചിത്രത്തിലെ നായിക. ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്ലി കടൈ. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്ലി കടൈ.
