സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍ത ‘മണ്ടാടി’ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടമാണ് കൈവരിച്ചത്. തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. ആഗോള കളക്ഷനായി ചിത്രം 150 കോടി നേട്ടവും സ്വന്തമാക്കി. സൂരിയുടെയും സുഹാസിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണു പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവന്നിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 മുതൽ ചിത്രം ലഭ്യമാവും.മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയചിത്രം കൂടിയാണിത്. മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്‍തത്.



