രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; എം.ആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എഡിജിപി എം. ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു.

ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. വിഷയത്തില്‍ എം ആര്‍ അജിത് കുമാറിനോട് നേരത്തെ ഡിജിപി വിശദീകരണം തേടിയിരുന്നു. എസ്‌ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ എസ്ഐടി ഡിജിപിക്ക് നല്‍കിയിരുന്നു. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവുകളും കൈമാറിയിരുന്നു.

മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്ഐടിയുടെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് മൊഴി. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്ഐടി സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *