ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അദേഹത്തെ പൊന്നാടയണിയിച്ചു വരവേറ്റു. റെവന്യൂ മന്ത്രി എ പി അനിൽകുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
അതേസമയം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി വി ഡി സതീശൻ ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ദേവസ്വം കമ്മീഷണർ എം മനോജ്കുമാർ, ക്ഷേത്രം മാനേജർ വി എൻ ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഷജിൽ വി ഡി സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി.
