എകെജി സെന്‍ററില്‍ കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം, ഞാൻ ബിജെപിക്കൊപ്പമാണ്; രാജസേനൻ

തിരുവനന്തപുരം: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും താൻ ബിജെപി പൂർണ്ണമായി ഉപേക്ഷിച്ചു പോയതല്ലെന്നും അന്ന് സംഭവിച്ചത് ഒരു ചെറിയ അബദ്ധം മാത്രമാണെന്നും രാജസേനൻ പറഞ്ഞു.

‘ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്‍ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ വിളിച്ചുകൊണ്ടുപോയി. എന്തൊക്കെയോ ആയിരുന്നു. എനിക്ക് അതെല്ലാം പുറത്ത് പറയാന്‍ പറ്റില്ല. തിരിച്ച് ഇറങ്ങിയപ്പോള്‍ എന്നെ ഞെട്ടിക്കുന്ന രീതിയില്‍ പത്തിരുപത് ചാനലുകള്‍ ഉണ്ടായിരുന്നു അവിടെ. ആ ചാനലുകളില്‍ വന്ന വാര്‍ത്തകളാണ് എന്നെ കമ്യൂണിസ്റ്റുകാരന്‍ ആക്കിയത്. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്‍റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദേശീയതയുടെ കൂടെത്തന്നെയാണ്. ബിജെപിയുടെ കൂടെത്തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല”, രാജസേനന്‍റെ വാക്കുകള്‍.

2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു രാജസേനൻ.
എന്നാൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടും പാർട്ടിയിൽ നിന്നും കലാകാരൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം അന്ന് ബിജെപി വിട്ടത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *